തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയില്‍. കവലയൂര്‍ സ്വദേശി കിരണിനെയാണ് അറസ്റ്റു ചെയ്‌തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം അറസറ്റിലായവരെ ചോദ്യം ചെയ്‌തതില്‍നിന്നാണ് കൂടുതല്‍ പ്രതികളെ കുറിച്ച വിവരം ലഭിച്ചത്.
പിന്നാലെ നടത്തിയ തെരച്ചിലിലാണ് കിരണും, സജിന്‍ വിജയനും പിടിയിലായത്. നേരത്തെ അറസ്റ്റിലായ മെബിനും കിരണും ചേര്‍ന്നാണ് ഗോഡൗണിന്റെ ഷീറ്റ് ഇളക്കി ഉളളില്‍ കയറി മദ്യം പുറത്തെത്തിച്ചത്. ഇയാളില്‍ നിന്ന് മദ്യം വിറ്റുകിട്ടിയ 1,54,000രൂപയും കണ്ടെടുത്തു. മോഷണം ആസൂത്രണം ചെയ്‌തവരില്‍ പ്രധാനിയാണ് കിരണ്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. കസ്റ്റഡിയിലുളള വര്‍ക്കല സ്വദേശി സജിന്‍ വിജയന്‍ നേരത്തെ അച്ഛനെ കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിയാണ്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന അച്ഛനെ കുടുക്കാന്‍ സജിനും അമ്മയും വീട്ടില്‍ വ്യാജമദ്യം സൂക്ഷിച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ശ്രമിച്ച കേസിലും സജിന്‍ പ്രതിയാണ്. ഗോഡൗണില്‍നിന്നും മദ്യം മോഷ്ടിച്ച സംഘത്തിലെ മൂന്നുപേരെക്കൂടി ഇനിയും പിടികിട്ടാനുണ്ട്. മെയ് 9നും ഇരുപതിനും ഇടയില്‍ ആറുദിവസങ്ങളിലായിട്ടായിരുന്നു മോഷണം 128 കെയ്‌സ് മദ്യമാണ് സംഘം ഗോഡൗണില്‍ നിന്ന് കടത്തിയത്.

