കൊവിഡ് പ്രതിരോധം പ്രതിഛായയെ ബാധിച്ചു: ആര്‍.എസ്.എസ്-ബി.ജെ.പി. യോഗത്തില്‍ പങ്കെടുത്ത് മോദിയും അമിത് ഷായും

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്നു ബി.ജെ.പിയുടെ പ്രതിഛായയ്ക്കുണ്ടായ മങ്ങല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്ത് ആര്‍.എസ്.എസ്-ബി.ജെ.പി. യോഗം. ഡല്‍ഹിയില്‍ നടന്ന നിര്‍ണായകയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു.ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, ആര്‍.എസ്.എസ്. സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്താത്രേയ ഹൊസബളെ, യു.പിയുടെ സംഘടനാചുമതലയുള്ള സുനില്‍ ബന്‍സാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സംഘടനാതലത്തിലും കേന്ദ്രസര്‍ക്കാര്‍തലത്തിലും നിര്‍ണായകതീരുമാനങ്ങളുണ്ടാകുമെന്നു സൂചന. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണു ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശ്. കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകിനടക്കുന്നതും രോഗബാധ സംബന്ധിച്ച കണക്കുകളിലെ അവ്യക്തതയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പശ്ചാത്തലത്തിലാണു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കു കടുത്ത വെല്ലുവിളിയാകുന്നത്.


കോവിഡ് രണ്ടാംതരംഗം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ ആര്‍.എസ്.എസ്. അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കെതിരേ ഉയരുന്ന കടുത്തവിമര്‍ശനങ്ങളില്‍ ബി.ജെ.പി. നേതൃത്വവും ആശങ്കാകുലരാണ്.
മുഴുവന്‍ സംഘടനാ സംവിധാനവുമുപയോഗിച്ച് പോരാടിയിട്ടും പശ്ചിമബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയാതിരുന്നതും പാര്‍ട്ടിയുടെ ആശങ്കയേറ്റുന്നു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോടു ജെ.പി. നഡ്ഡ നിര്‍ദേശിച്ചു. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍, മേയ് 30-നു മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ റദ്ദാക്കും. പകരം സേവനപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നഡ്ഡ സംസ്ഥാന നേതൃത്വങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദേശിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →