അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം മെയ് 14 ന് തീവ്ര ന്യൂനമര്‍ദമായി മാറും, അതിതീവ്ര മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

മെയ് 14 വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വ്യപകമായി ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച തീവ്ര ന്യൂനമര്‍ദമായി മാറും. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയത്. ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരള തീരത്തോട് ചേര്‍ന്നാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച ആലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച(16/05/21) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →