ഭാര്യക്കും മൂന്നുമക്കള്‍ക്കും വിഷം നല്‍കി , ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം. ഭാര്യക്കും മൂന്നുപിഞ്ചുമക്കള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍. മൂത്തമകള്‍ ആറുവയസുകാരി രക്ഷപെട്ടു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രതീപിന്റെ ഉടമസ്ഥതയിലുളള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം ഐറോപ്പില്‍ വീട്ടില്‍ വര്‍ഷ (26),ഇളയ മക്കളായ അലന്‍(5) ,ആരവ് (3മാസം)എന്നിവരാണ് മരിച്ചത്. വര്‍ഷയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് (അജിത്-41)കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

2021 മെയ് 11ന് വൈകിട്ട അഞ്ചരയോടെയാണ് സംഭവം .ഇളയ കുട്ടിയുടെ പ്രസവശേഷം മുഖത്തലയിലെ സ്വവസതിയിലായിരുന്ന വര്‍ഷയെ നിര്‍ബന്ധപൂര്‍വം കേരളപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തുവെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടുണ്ട്. വീട്ടിലെത്തിയ വര്‍ഷയുമായി എഡ്വേര്‍ഡ് വഴക്കുണ്ടാക്കുകയും അയല്‍വാസികള്‍ ഇടപെടുകയും ചെയ്തിരുന്നു. സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എത്തിയപ്പോഴാണ് ആത്മഹത്യശ്രമം അറിയുന്നത്. മതില്‍ ചാടിക്കടന്നെത്തിയ ബന്ധുവാണ് ഇവരെ കുണ്ടറയില സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പേ കുട്ടികള്‍ രണ്ടുപേരും മരിച്ചിരുന്നു. പാനീയം കുടിക്കാന്‍ നല്‍കിയെങ്കിലും കയ്പുളളതിനാല്‍ തുപ്പിക്കളഞ്ഞതായി മൂത്തകുട്ടി പോലീസിന് മൊഴി നല്‍കി.

സംശയ രോഗത്തിന് അടിമയായിരുന്നു എഡ്വേര്‍ഡ് എന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടുപരിസരത്തുനിന്ന് സിറിഞ്ചും കണ്ടെടുത്തിരുന്നു. കുണ്ടറയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനാണ് എഡ്വേര്‍ഡ്. കുണ്ടറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →