റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടിലെ ആദിവാസി ഊരുകൾ കോവിഡിന്റെ പിടിയിലെന്ന് ആദിവാസി വനിതാ പ്രസ്ഥാനം അധ്യക്ഷ കെ അമ്മിണി, കുടിവെള്ളവും ക്വാറന്റയിൻ സംവിധാനവുമില്ല, പലയിടത്തും പട്ടിണി

May 11, 2021 - 5:59 pm

മാനന്തവാടി: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരിതാപകരമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വയനാട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ അധ്യക്ഷയായ കെ അമ്മിണി. കോവിഡിനൊപ്പം പോഷകാഹാരക്കുറവും തൊഴിലില്ലായ്മയും ആദിവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുകയാണ് എന്നു പറയുന്നു കെ അമ്മിണി.

ചോ: ആദിവാസി ഊരുകളിൽ കോവിഡ് വ്യാപനം എത്രത്തോളം തീവ്രമാണ് ?

പുറംലോകം അറിയുന്നതിനേക്കാൾ തീവ്രമാണ് വയനാട്ടിലെ കോവിഡ് ബാധ. നെൻമേനി, വെളളമുണ്ട, അമ്പലവയൽ സെറ്റിൽമെന്റ് ഏരിയ, മേപ്പാടി, കൽപറ്റ, പുത്തൂർ വയൽ, കണ്ണിയാമ്പറ്റ, മലങ്കര വയൽ, പനമരം മേഖലകളിലെല്ലാം രോഗബാധയുണ്ട്. പരിശോധനയോ ക്വാറന്റയിൻ സൗകര്യങ്ങളോ ഒന്നും കാര്യക്ഷമമായി ലഭ്യമാകുന്നില്ല എന്നതാണ് അവസ്ഥ.

ചോ: ക്വാറന്റയിൻ സംവിധാനത്തിന്റെ അപര്യാപ്തത എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

ഒരു വീട്ടിൽ ഒരാൾ കോവിഡ് പോസിറ്റീവായാൽ വീട്ടിലുള്ള മറ്റുള്ളവരോട് വീട്ടിൽ തന്നെ കഴിയാനും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധനയ്ക്ക് വിധേയമാകാനുമാണല്ലോ പറയുന്നത്. 450 ചതുരശ്ര അടിയൊക്കെ മാത്രം വിസ്തീർണമുള്ള വീടുകളിൽ എട്ടും പത്തും പേരാണ് താമസിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഒരു അടുക്കളയും കാണും, ഇവിടെ എങ്ങനെയാണ് ക്വാറന്റയിൻ സാധ്യമാവുക. രോഗം സ്ഥിരീകരിച്ചവരും മറ്റുള്ളവരും എല്ലാം ഇടകലർന്ന് തന്നെ കഴിയേണ്ടി വരുന്നു. കൂണുപോലെ അടുത്തടുത്ത് വീടുകളുള്ള കോളനികളിലെ സ്ഥിതി അതിലും ദയനീയം. എല്ലാ വീടുകൾക്കും കക്കൂസില്ല, കുടിവെളളത്തിന് പൊതു കിണറായിരിക്കും, രോഗം കാട്ടുതീ പോലെ പടരും.

ചോ: കോവിഡ് പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടോ ?

പരിശോധന ഒട്ടും കാര്യക്ഷമമല്ല, എന്റെ പരിചയത്തിലുളള ഒരു എസ് ടി പ്രമോട്ടർക്ക് പരിശോധിച്ച് 12 ദിവസം കഴിഞ്ഞാണ് പോസിറ്റീവാണെന്ന റിസൾട്ട് ലഭ്യമായത്.

ചോ: ഊരുകളിൽ രോഗ വ്യാപനം തീവ്രമാകാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ?

തെരഞ്ഞെടുപ്പിനു ശേഷമാണ് ഊരുകളിൽ രോഗ വ്യാപനം ഉണ്ടായത്. വോട്ടെടുപ്പിനായി കർണാടകയിലെ ഇഞ്ചിത്തോട്ടങ്ങളിൽ നിന്നും വണ്ടികളിലാണ് വിവിധ രാഷ്ട്രീയ കക്ഷികൾ ആളുകളെ കൊണ്ടുവന്നത്. മിക്ക വീടുകളിലും ഇത്തരം തൊഴിലാളികളുണ്ട്. ഇവരിലൂടെയൊക്കെയാണ് രോഗവ്യാപനം ഇത്ര തീവ്രമായത്.

ചോ: കോവിഡ് മൂലം ഊരുകളിൽ മറ്റെന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ആർക്കും ഇപ്പോൾ തൊഴിലില്ല, ഭക്ഷ്യ കിറ്റ് പോലും ഇവിടെ അപര്യാപ്തമാണ്. ചക്കയും മറ്റുമാണ് പലരുടെയും ആശ്രയം, ഇനി അതും ഉണ്ടാകില്ല. കടുത്ത പട്ടിണിയിലേക്കാണ് വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ നീങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *