ആലപ്പുഴ: കോവിഡ് ഡൊമീസിലിയറി കെയര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ശ്വാസ തടസം നേരിട്ട രോഗിക്ക് രക്ഷകരായി സന്നദ്ധ പ്രവര്‍ത്തകരായ അശ്വിനും രേഖയും. ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് ഡൊമീസിലിയറി കെയര്‍ സെന്ററില്‍ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം എന്ന് അശ്വിന്‍ പറഞ്ഞു. ഇവര്‍ ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരാള്‍ പെട്ടെന്ന് തങ്ങള്‍ക്ക് സമീപത്തെത്തി മുകളിലത്തെ നിലയിലുളള ഒരു രോഗി ഗുരുതരാവസ്ഥയിലാണെന്നും ശ്വാസം കിട്ടാതെ പിടയുകയാണെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു.
പെട്ടെന്നുതന്നെ തങ്ങള്‍ അവരുടെ അടുത്തെത്തി നോക്കിയപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമായിട്ടാണ് തോന്നിയത്. കൂടെയുണ്ടായിരുന്നവരുടെ സഹായത്തോടെ ഇദ്ദേഹത്തെ താഴെയെത്തിച്ച് ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതിനാല്‍ ഇദ്ദേഹത്തെ ബൈക്കില്‍ കയറ്റി തങ്ങളുടെ മധ്യത്തില്‍ ഇരുത്തി തൊട്ടടുത്തുളള സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓക്‌സിജന്‍ ലവല്‍ താഴ്ന്ന നിലയിലായിരുന്നു. സമയത്ത് എത്തിച്ചതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. അവിടെ പ്രാഥമീക ചികിത്സ നല്‍കിയശേഷം ആംബുലന്‍സില്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അശ്വിന്‍ പറഞ്ഞു. സമയോചിതമായ പ്രവര്‍ത്തിയിലൂടെ ഒരു ജീവന്‍ രക്ഷിച്ച ഇരുവര്‍ക്കും സോഷ്യല്‍ മീഡിയായിലടക്കം അഭിന്നന പ്രവാഹമാണ്.

