പി ജയരാജന് സുരക്ഷ വർധിപ്പിക്കും, ഭീഷണിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് സുരക്ഷ വർധിപ്പിക്കും. പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്‍ മൻസൂറിന്റെ കൊലപാതകത്തിന് ശേഷം ഭീഷണി ശക്തമായ സാഹചര്യത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനമായതെന്നാണ് റിപ്പോർട്ട് .

22/04/21 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടിട്ടുള്ളത്.

ജയരാജന്‍ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐജിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജന്‍ അറിയിച്ചതായാണു വിവരം.

ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി.ജയരാജന്‍ പ്രതിയാണ്. നേരത്തേ ആര്‍.എസ്.എസ്. അക്രമത്തില്‍നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തതാണ്. മന്‍സൂര്‍ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിര്‍രാഷ്ട്രീയ ചേരികളില്‍ ശക്തമാണെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

Share
അഭിപ്രായം എഴുതാം