ഇന്ത്യ-പാക്‌ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍

അബുദാബി: യു.എ.ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറും, പാക്‌ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷിയും അബുദാബിയിലെത്തി. ഇന്ത്യാ-പാക്‌ ബന്ധം മെച്ചപ്പെടുത്താന്‍ മധ്യസ്ഥത വഹിക്കുന്നതായി യിഎഇ വെളിപ്പെടുത്തിയതിന്‌ പിന്നാലെയാണ്‌ വിദേശകാര്യ മന്ത്രിമാരുടെ യുഎഇ സന്ദര്‍ശനം.

എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്‌ ജയശങ്കറും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷിയും തമ്മില്‍ കൂടികാഴ്‌ച ഉണ്ടാകില്ലെന്നാണ്‌ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ സ്ഥിരീകരണം. 2021 ഏപ്രില്‍ 18ന്‌ അബുദാബിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ യുഎഇ വിദേശകാര്യമന്ത്രി ഷെയ്‌ക്ക്‌ അബ്ദുല്ല ബിന്‍ സായിദ്‌ ഏല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക മേഖലയിലെ സഹകരണത്തിനും കോവിഡിന്റെ പാശ്ചാത്തലത്തില്‍ സാമൂഹ്യ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ചര്‍ച്ചകളായിരിക്കുമെന്ന്‌ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്‌ചയാണ്‌ പാക്ക്‌ വിദേശകാര്യമന്ത്രി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയത്‌. പാക്‌ വ്യസായ സമൂഹമായും ഉന്നത നേതാക്കളുമായും ഷാ മുഹമ്മദ്‌ ഖുറേഷി കൂടിക്കാഴ്‌ച നടത്തി. ജനുവരിയില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ യുഎഇയില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്‌ക്ക്‌ അബ്ദുല്ല സായിദ്‌ അല്‍ നഹ്യാന്‍ 2021 ഫെബ്രുവരി 27ന്‌ ഡല്‍ഹിയില്‍ എത്തിയതിന്‌ പിന്നാലെയാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി യുഎഇയിലെത്തുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →