വടകര: യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്.എം.പി ഇല്ലെന്ന് വടകരയിലെ ആര്.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്.എം.പിക്ക് ലഭിച്ചെന്നും 06/04/21 ചൊവ്വാഴ്ച വൈകിട്ട് പോളിംഗ് പൂർത്തിയായ ശേഷം രമ പറഞ്ഞു.
വടകരയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്.എം.പിക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി.ഐ.എം മണ്ഡലത്തില്‍ എത്ര ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യമില്ല. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരു ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞതാണ്. അത് അവര്‍ ബാലറ്റ് പേപ്പറില്‍ കാണിച്ചു എന്നതാണ് അവസാനത്തെ കണക്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും രമ കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. ഞങ്ങള്‍ സംസ്ഥാന രാഷ്ട്രീയവും വടകരയുടെ വികസനവും ചര്‍ച്ച ചെയ്തപ്പോള്‍ ജനങ്ങള്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. അതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരായിരുന്നു. അവരുടെ മനസ്സിലത് കെടാതെ കിടക്കുന്നുണ്ട്.
അഭിപ്രായം പറയാന്‍ ആര്‍ക്കും കഴിയണം. പക്ഷേ അതിന്റെ പേരില്‍ ഇനി ഒരു ജീവന് ഇവിടെ നഷ്ടമാകരുത് എന്നായിരുന്നു ജനങ്ങളുടെ മനസ്സെന്ന് രമ പറയുന്നു.

