കൗറി: ജമ്മുകാശ്മീരില്‍ ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുളള റെയില്‍വേ പാലത്തിന്റെ കമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം .രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍ നിന്ന് 359 മീറ്ററാണ് ഉയരം. 1.3 കിലോമീറ്റര്‍ നീളമുളള പാലം കാശ്മീര്‍ താഴ്വരയിലേക്കുളള യാത്ര കൂടുതല്‍ സുഗമമാക്കും. ഉദ്ദംപൂര്‍-ശ്രീനഗര്‍ -ബാരാമുല്ല റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1486 കോടി രൂപ മുടക്കിലാണ് പാലം നിര്‍മ്മിക്കുന്നത്.
പാലത്തിന് പാരീസിലെ ഐഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതല്‍ ഉണ്ട്. പാലത്തിന്റെ നിര്‍മ്മാണം ഒരുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമാനത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ സുനീത് ശര്‍മ്മ നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗലും വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചു. റെയില്‍വേ ചരിത്രത്തില്‍ തന്നെ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിര്‍മ്മിക്കുന്നത് ആദ്യമായാണ്. പാലത്തിന് 120 വര്‍ഷത്തെ ആയുസാണ് റെയില്‍വേ കണക്കാക്കുന്നത്.

