കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും വൈപ്പിനിലും കള്ളവോട്ട് ആരോപണം. തളിപ്പറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനു മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.
കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാളുടെ രാഷ്ട്രീയ ബന്ധം പോലിസ് വ്യക്തമാക്കിയിട്ടില്ല.
വൈപ്പിനില്‍ രണ്ടുപേര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളില്‍ 125 നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് ആരോപണം. കുറിയപ്പശ്ശേരി അനില്‍ എന്ന വോട്ടര്‍ക്കാണ് വോട്ട് ചെയ്യാനായില്ല. അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിങ് ഓഫിസര്‍ അറിയിച്ചത്. തുടര്‍ന്ന് പോളിങ് ബൂത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാന്‍ തീരുമാനിച്ചു. വൈപ്പിന്‍ ദേവിവിലാസം സ്‌കൂളിലെ 71ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താനായില്ല. നേരത്തേ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന് പോളിങ് ഓഫിസര്‍മാര്‍ പറയുമ്പോള്‍ തന്റെ വീട്ടില്‍ ആരും എത്തിയില്ലെന്നാണ് മേരി തോമ്മന്‍ പറയുന്നത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കുറ്റിയേരി വില്ലേജിലെ ചെരിയൂരില്‍ യുഡിഫ് ബൂത്ത് ഏജന്റിനു മര്‍ദ്ദനമേറ്റു. വി കൃഷ്ണനാണ് ഒന്നാം നമ്പര്‍ ബൂത്തില്‍ വച്ച് മര്‍ദ്ദനമേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റലില്‍ കഴിയുന്ന കൃഷ്ണന്‍ പറഞ്ഞു.