മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറില്‍ നിന്നുള്ള എം.എല്‍.എയുമായ ദിഗ്‌വിജയ് സിങ് സാല അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1962-67 കാലയളവില്‍ സ്വതന്ത്രനായാണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 1967-71 കാലയളവില്‍ സ്വതന്ത്ര പാര്‍ട്ടി അംഗമായി സഭയിലെത്തി. ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ദിഗ്‌വിജയ് സിങ് 1979ലും 1989ലും സുരേന്ദ്രനഗറില്‍ നിന്നും എം.പിയായി.ഇന്ദിര ഗാന്ധി മുന്‍കൈയെടുത്ത് സ്ഥാപിച്ച പരിസ്തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതല്‍ 1984 വരെ പദവിയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഒന്നിലേറെ തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യന്‍ റെയില്‍വേയില്‍ മരം കൊണ്ടുള്ള സ്ലീപ്പര്‍ മാറ്റി പകരം സിമന്റ് ഉപയോഗിക്കുവാനുള്ള പരിഷ്‌കാരങ്ങള്‍ക്ക് സാലയാണ് തുടക്കമിട്ടത്.മുതിര്‍ന്ന നേതാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Share
അഭിപ്രായം എഴുതാം