ആലപ്പുഴ: പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പ്രവര്‍ത്തകര്‍ക്കൊപ്പം പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പുഷ്പ വൃഷ്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷി മണ്ഡപമെന്ന് സന്ദീപ് ആരോപിച്ചു. തെറ്റിദ്ധരിച്ചാണ് രക്തസാക്ഷികളായവര്‍ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയത്. മുതിരയിട്ട് വെടിവെയ്ക്കുമെന്നായിരുന്നു നേതാക്കള്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. സാധാരണക്കാരെ തോക്കിന്‍മുനയിലേക്ക് ബോധപൂര്‍വ്വം തളളിവിടുകയായിരുന്നുവെന്നും സ്ഥാനാര്‍ത്ഥി ആരോപിച്ചു. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുപോലും കമ്യൂണിസ്റ്റ് നേതാക്കളുടെ പക്കലില്ല. നേതാക്കളുടെ വഞ്ചനയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിക്കാനാണ് താന്‍ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം ബോധപൂര്‍വ്വം പ്രശ്‌നം സ്ൃഷ്ടിക്കാനുളള നീക്കമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേതെന്നും പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ അപമാനിച്ചുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ചിത്തരഞ്ജന്‍ ആരോപിച്ചു. സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നല്‍കാനും സിപിഎം തീരുമാനിച്ചു.

