മാർച്ച് ഏപ്രിൽ മാസങ്ങളിലെ പെൻഷൻ മാർച്ച് മാസത്തിൽ തന്നെ നൽകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച് മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ചാണ് തീരുമാനം. ഇതിനായി ധനവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേര്‍ത്തു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും തോമസ് ഐസക്ക് 20/03/21 ശനിയാഴ്ച അറിയിച്ചു. മുന്‍പ് ട്രഷറികളിലുണ്ടായ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുക്കിയ ശമ്പളമാകും അടുത്തമാസം സര്‍ക്കാര്‍ ജീവനക്കാരുടെ കൈയ്യിലെത്തുകയെന്നും ധനമന്ത്രി അറിയിച്ചു.
ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികള്‍ ചെയ്യുന്നത് അകൗണ്ടന്റ് ജനറല്‍ ആണ്. ആ നടപടികള്‍ വേഗത്തിലാക്കണമെന്ന് എജിയോട് അഭ്യത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം