കോട്ടയം: മുൻമുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഉമ്മൻ ചാണ്ടിയുടെ കൈവശം ആകെ ഉള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകൻ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരിൽ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരിൽ 14,58,570 രൂപയുമുണ്ട്.
സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാർ ഭാര്യയുടെ പേരിലാണ്. ഉമ്മൻ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വർണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വർണവും ഉണ്ട്. 74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് മൂന്നുപേർക്കും കൂടി ഉള്ളത്. പുതുപ്പള്ളിയിൽ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്.
തിരുവനന്തപുരത്ത് ഭാര്യയുടെ പേരിൽ 2200 ച. അടി വീടുമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യക്കും മകനും കൂടി ബാങ്കിൽ 31,49,529 രൂപ വായ്പ ബാധ്യതയുണ്ട്. തിരുവനന്തപുരത്ത് രണ്ടും ആലുവയിലും റാന്നിയിലും ഓരോ കേസുകളുമുണ്ട്. 16/03/21 ചൊവ്വാഴ്ച പാമ്പാടി ബ്ലോക്ക് ഓഫിസിലെത്തി ബി.ഡി.ഒ ശ്രീജിത്തിനാണ് ഉമ്മൻ ചാണ്ടി പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചു.