കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിക്കായി മത്സരിക്കുന്നത് കാവുമ്പായി കര്‍ഷകസമര നേതാവിന്റെ മകനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്‍. പിണറായി വിജയനെതിരെ മത്സരിക്കാനിറങ്ങുന്നത് അതിശക്തനായ നേതാവ് ആയിരിക്കണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സികെപി വീണ്ടും മത്സര രംഗത്തേക്ക് വന്നത്.
1969 മുതലാണ് സികെ സജീവ രാഷ്ട്രയത്തിലേക്ക് കടന്നുവരുന്നത്. ഭാരതീയ ജനസംഘത്തിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. എണ്‍പതുകളില്‍ ബിജെപി രൂപം കൊണ്ടപ്പോള്‍ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറിയായി. പിന്നീട് രണ്ടുതവണ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. ഇപ്പോള്‍ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. കമ്മ്യൂണിസ്റ്റ് ഗ്രാമ മായ ശ്രീകണ്ഠാപുരം കോട്ടൂരിലാണ് സികെപിയുടെ ജനനം. കാവുമ്പായി സമര നായകരിലൊരാളായ പായത്താല്‍ അനന്തന്‍ നമ്പ്യാരുടേയും ദേവകിയമ്മയുടേയും മകനായാണ് ജനനം. കമ്മ്യൂണിസറ്റ് കുടുംബത്തില്‍ പിറന്നിട്ടും പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ജനസംഘം പ്രവര്‍ത്തകനായ സികെപി നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജനസംഘം നടത്തിയ മലപ്പുറം ജില്ലാ രൂപീകരണവിരുദ്ധ സമരം, വിലക്കയറ്റ സമരം, ബംഗ്ലാദേശ് കുടിയേറ്റ വിരുദ്ധസമരം തുടങ്ങിയവ ഇതില്‍ ചിലതാണ്.
അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബിജെപിക്കായി തെരഞ്ഞെടുപ്പുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ചില മണ്ഡലങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2005 ല്‍ തിരുവനന്തപുരത്തും, 2009 ല്‍ പാലക്കാട്ടും 2019ല്‍ കണ്ണൂരും അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ചു. 2000 ത്തില്‍ മഞ്ചേശ്വരത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് ഐ രാമ റേയോട് തോറ്റത്. കുന്ദമംഗലം ,കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. കാസര്‍കോട് കോഴിക്കോട് ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിച്ച സികെപിക്ക് മികച്ച മുന്നേറ്റമാണ് ലഭിച്ചത്.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സികെപി 10 ദിവസം നിരാഹാരം കിടന്നത് ബിജെപി പ്രതിഷേധത്തിന് ശക്തി പകര്‍ന്നിരുന്നു. 70 പിന്നിട്ട സികെപി ശാരീരിക അവശതകളാല്‍ ഇക്കുറി മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് കളത്തിലിറങ്ങാന്‍ തയ്യാറാവുകയായിരുന്നു.

