ട്വന്റി 20 എറണാകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയത ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എറാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്ബ് പ്രഖ്യാപിച്ചു. ഒപ്പം സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക സമിതിയും രൂപീകരിച്ചു. ട്വന്റി 20യുടെ ഉപദേശക സമിതി അ്ദ്ധ്യക്ഷനായി കൊച്ചൗസേഫ് ചിറ്റിലപ്പളളി ചുമതലയേറ്റു. നടന്‍ ശ്രീനിവാസന്‍ ,സംവിധായകന്‍ സിദ്ധിക്ക് എന്നിവര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഉപദേശക സമിതിയില്‍ ഉളളത്.

എറണാകുളം ജില്ലയിലെ അഞ്ച് നിയമ സഭാ മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയും സംഘടന പ്രഖ്യാപിച്ചു. സംഘടനയുടെ ശക്തീ കേന്ദ്രമായ കുന്നത്തുനാട്ടില്‍ സജിത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ വി.പി.സജീന്ദ്രനാണ് എംഎല്‍എ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോ. ജോസ് ജോസഫ് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മുവാറ്റുപുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകനായ സിഎന്‍ പ്രകാശന്‍ സ്ഥാനാര്‍ത്ഥിയാകും. വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികള്‍ പൊതുപ്രവര്‍ത്തന രംഗത്തുളളവരല്ലെങ്കിലും ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം ഉളളവരാണ്

കഴിഞ്ഞമാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവര്‍ അംഗത്വ കാമ്പയിന്‍ നടത്തിയിരുന്നു. കാമ്പയിന്റെ ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം പേരാണ് അംഗത്വം സ്വീകരിച്ചത്.കൂടുതല്‍ ആളുകള്‍ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവില്‍ സംഘടന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എറണാകുളത്തെ രണ്ടോമൂന്നോ മണ്ഡലങ്ങളില്‍ കൂടി ട്വന്റി 20 മത്സരിക്കാന്‍ സാദ്ധ്യതയുണ്ട്.

Share
അഭിപ്രായം എഴുതാം