രണ്ടാം ദിനവും ഇന്ധനവിലയില്‍ പ്രതിഷേധം: പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ബജറ്റ് രണ്ടാം സെഷന്റെ രണ്ടാം ദിനവും ഇന്ധനവില വര്‍ധനയ്ക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പെട്രോള്‍വില നൂറ് കടന്ന സാഹചര്യത്തിലാണ് സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുന്നത്. സഭകള്‍ മാര്‍ച്ച് 10 ബുധനാഴ്ച പതിനൊന്നിന് വീണ്ടും ആരംഭിക്കും. കഴിഞ്ഞ ദിവസവും ഇന്ധനവിലവര്‍ധനയ്ക്കെതിരേ പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ സഭ ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് യോഗം ചേര്‍ന്നശേഷവും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം ശമിച്ചില്ല. തുടര്‍ന്നാണ് നാളെ വരെ യോഗം നിര്‍ത്തിവച്ചത്. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ മുതല്‍ പഴയ സമയക്രമമായ രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ രാവിലെയും ലോക്സഭ വൈകുന്നേരവുമാണ് സമ്മേളിച്ചിരുന്നത്. സംസ്ഥാനങ്ങളില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും അംഗങ്ങള്‍ കത്തു നല്‍കിയിരുന്നു.

Share
അഭിപ്രായം എഴുതാം