പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്.
07/03/21 ഞായറാഴ്ച രാവിലെയോടെയാണ് പാലക്കാട് നഗരത്തിന്റെ പലയിടങ്ങളിലായി മന്ത്രി എകെ ബാലനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഓഫീസ് പരിസരം, മന്ത്രി എകെ ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍ പതിച്ചത്.
കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരുടെയും പേരെടുത്ത് പറയാതെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ പലതും കീറിയ നിലയിലാണ്. ‘ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക’, ‘അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പിക്കല്‍ തുടര്‍ ഭരണം ഇല്ലാതാക്കും’ എന്നും പോസ്റ്ററില്‍ ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഇത് തള്ളി ബാലന്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രചരണം ശുദ്ധ അസംബദ്ധമാണെന്നും പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നുമായിരുന്നു ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ജമീലയെ മത്സരിപ്പിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ നിലപാട്. നേരത്തെ ജമീല മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ചയായിരുന്നില്ല. പികെ ജമീലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയംഗങ്ങള്‍ക്കുള്ളത്.
ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിയിക്ക് ദോഷം ചെയ്യുമെന്നായിരുന്നു തരൂരിലെ സിപിഐഎമ്മിന്റെ വിലയിരുത്തല്‍.