കേരളബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ സാമ്പത്തിക തിരിമറിയെ തുടര്‍ന്നെന്ന് പോലീസ് നിഗമനം

കൊല്ലം: നിലമേല്‍ കേരളബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് പോലീസ് അനുമാനം. രണ്ടര ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് നിലമേല്‍ ശാഖയില്‍ കണ്ടെത്തിയത്. ഇതേപ്പറ്റിയുളള അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കാഷ്യറായ സുനിലിനെ ലോഡ്ജ് മറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം തേവലക്കര സ്വദേശിയാണ് സുനില്‍. ഒരുവര്‍ഷമായി നിലമേല്‍ ശാഖയില്‍ കാഷ്യറാണ്.

കഴിഞ്ഞ ദിവസം പുതുതായി എത്തിയ മാനേജര്‍ ബാങ്കില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടുലക്ഷത്തി അരുപത്തി ഒന്നായിരം രൂപയുടെ കുറവ് കണ്ടെത്തിയത്.ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പണം ഉടന്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് സുനില്‍ പുറത്തേക്ക് പോയി ഏറെ നേരം കഴിഞ്ഞും സുനിലിനെ കാണാതായതോടെ ബാങ്ക് അധികൃതര്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സുനിലിന്റെ മരണവാര്‍ത്തയെത്തിയത്. പണം തിരിമറി പിടിക്കപ്പെടുമെന്നുളള ഘട്ടത്തില്‍ ഉണ്ടായിട്ടുളള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുളള ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ അനുമാനം.

ബാങ്കിന് സ്തുതി നേര്‍ന്നും ദൈവത്തില്‍ അഭയം പ്രാപിക്കുകയാണ് താന്‍ എന്നും മറ്റും രേഖപ്പെടുത്തിയ കുറിപ്പും ആത്മഹത്യയുടെ സൂചനയായി പോലീസ് കാണുന്നു. ബാങ്കില്‍ നിന്നും നഷ്ടപ്പെട്ട പണം സുനില്‍ എങ്ങനെയാണ് ചെലവാക്കിയതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ് . സുനിലിന് ഭാര്യയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനും ഉണ്ട്.

Share
അഭിപ്രായം എഴുതാം