ങേ ഹാഹാഹാ… ഓർക്കുന്നുവോ നിങ്ങളെന്നെ ..? എന്നെ മറന്നാലും എന്റെ ഈ ചിരി നിങ്ങൾക്ക് മറക്കാൻപറ്റില്ലെന്നറിയാം. പെയ്തൊഴിഞ്ഞ കാർമേഘം പോലെ മനസ്സിന്റെ ഓരോ കോണിലും പൂവണിയാതെ പോയ എന്റെ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി ആരോടും യാത്ര ചോദിക്കാതെ ഞാൻ യാത്രയായി… വേറൊരു ലോകത്തിലേക്ക്.. ആളികത്തിയ അഗ്നിനാളത്തിൽ ഇത്തിരി ചാരമായി മാറി ഞാൻ .. അതെ…ഒടുവിൽ ഞാനും കീഴടങ്ങി… മരണത്തിന് മുന്നിൽ. എന്നിട്ടും എരിഞ്ഞടങ്ങാത്ത എന്റെ പ്രാണനിൽ നിങ്ങളെനിക്ക് തന്ന സ്നേഹം ബാക്കി നിൽക്കുന്നു. തമാശകളും, പൊട്ടി ചിരികളുമില്ലാത്ത ഈ അനന്തമായ ലോകത്തിലെത്തിയപ്പോൾ ഞാൻ അറിയാതെ ഓർത്തു പോവുകയാണ് ഞാൻ ജീവിച്ച് തീർത്ത എന്റെ ജീവിതം. എല്ലാം മതിയാക്കി ഞാൻ യാത്ര തിരിച്ചപ്പോൾ ഞാൻ ജനിച്ചു വീണ മണ്ണും, വളർന്ന സാഹചര്യങ്ങളും, അനുഭവിച്ച വേദനകളും, യാതനകളും, എല്ലാം അവിടെ ബാക്കി വച്ചിട്ടാണ് ഞാൻ അവസാനമായി ക്യാമറക്ക് മുമ്പിൽ നിന്ന് ഇറങ്ങി തിരിച്ചത്.
അതെല്ലാം ഇപ്പോഴെനിക്ക് അവ്യക്തമായി തെളിയുന്നു ഇനിയും മരിക്കാത്ത എന്റെ മനസ്സിൽ .45 വർഷത്തോളം ഞാൻ അഭിനയിച്ചു തീർത്ത എന്റെ ജീവിതം, ഞെട്ടറ്റു വീഴാനിരിക്കുന്ന മഞ്ഞുതുള്ളികളെ പോലെ മനസ്സിന്റെ താളുകളിൽ നിന്ന് മാഞ്ഞു പോയ എന്റെ കുട്ടിക്കാലം.. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി അന്ന് ഞാൻ കൊതിച്ചിരുന്നത് .. ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ തള്ളി നീക്കിയ ദിനങ്ങൾ, അരപട്ടിണി മാറ്റാൻ വേണ്ടി മുച്ചക്ര വാഹനത്തിന്റെ വളയം പിടിച്ചത്,, ഓളങ്ങളിൽ അകപ്പെട്ട എന്റെ ജീവിത യാഥാർത്ഥ്യങ്ങൾ എങ്ങുനിന്നോ വന്ന് എങ്ങോട്ടോ ഒഴുകുന്ന കായൽ പോലെ ജീവിതത്തിന്റെ കാലാന്തരങ്ങളിലേക്ക് ഒഴുകിയപ്പോൾ കാലചക്രത്തിന്റെ താളത്തിനനുസരിച്ച് എന്റെ ജീവിതത്തിന്റെ ഗതിവേഗത മാറിമറിയുകയായിരുന്നു. ആഗ്രഹങ്ങളെല്ലാം മനസിൽ നെയ്തെടുത്ത് ഓരോന്നിനും പല വർണ്ണങ്ങൾ നൽകി .. ആ സ്വപ്നങ്ങളെയെല്ലാം വാരി പെറുക്കി ക്യാമറ കണ്ണുകൾക്ക് മുമ്പിൽ നിറുത്തി കൊണ്ട് എന്റെ ജീവിതത്തെ എന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർത്തി കൊണ്ട് വന്നു ഞാൻ. എണ്ണിയാൽ തീരാത്ത നന്മകൾ നിറഞ്ഞതാണ് പ്രപഞ്ചം.. അപ്പൂപ്പൻ താടി പോലെ പാറി നടക്കുന്ന ആ നന്മകളെയെല്ലാം എന്റെ നല്ലവരായ കൂട്ടുകാർ കാണാതെ പോവരുത്.
എന്റെ ചേതനയറ്റ ശരീരത്തെ നിങ്ങൾ ഓരോരുത്തരും വന്ന് നിറകണ്ണുകളോടെ നോക്കി കാണുമ്പോൾ ഞാൻ നിങ്ങളോട് മന്ത്രിച്ചത് നിങ്ങളാരും കേട്ടിട്ടില്ലായിരുന്നു.. അത് കൊണ്ട് ഞാൻ ഒരിക്കൽ കൂടി പറയുകയാണ് … നിങ്ങൾ നന്മകളെ കൈ പിടിയിലൊതുക്കി ജീവിക്കണം. വിരഹത്തിന്റെ വേദനകൾ പങ്കുവെച്ച് നിങ്ങളോരോരുത്തരും നടന്നകലുന്നത് എനിക്ക് കാണാമായിരുന്നു. ഒരു ജന്മത്തിന്റെ മുഴുവൻ വേദനകളും ഉള്ളിലൊതുക്കി തമാശകളും ,പൊട്ടിച്ചിരികളും ,നാടൻ പാട്ടുകളുമൊക്കെയായി ഞാൻ നിങ്ങളുടെയൊക്കെ മുമ്പിൽ പാറി പറന്നു നടന്നപ്പോൾ എങ്ങുനിന്നോ വന്ന കുളിർ കാറ്റിന് മരണത്തിന്റെ ഗന്ധമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല ഒരു നോക്ക് പോലും കാണാൻ കഴിയാതെ ,ഒരു വാക്ക് പോലും പറയാൻ പറ്റാതെ ,മരണത്തിന്റെ മടിതട്ടിലിരുന്ന് അകലങ്ങളിലേക്ക് ഞാൻ യാത്രയാവുമ്പോൾ കണ്ണിൽ നിന്ന് മായുന്നില്ല ഭൂമിയിലെ സ്വർഗ വസന്തങ്ങൾ .ആ വസന്തങ്ങളെ മാറോടണച്ച് പിടിക്കാൻ ഞാൻ ഇനിയും ആഗ്രഹിച്ച് പോവുന്നു. ഒഴുക്കിന്റെ ശക്തിയിൽ അലിഞ്ഞ് പോയ എന്റെ സ്വപ്നങ്ങളെ, കണ്ണുനീർ തുള്ളികളാൽ മൂടിയ എന്റെ ബന്ധുക്കളെയും, കൂട്ടുകാരെയും ,സഹപ്രവർത്തകരെയും .ഭൂമിയിൽ നിർത്തി കൊണ്ട് ഞാൻ അനന്തമായ ആഴങ്ങളിലേക്ക് യാത്ര തിരിക്കുമ്പോൾ എനിക്ക് വേണ്ടി നിങ്ങളൊക്കെ തന്നത് ഒരു പിടി കണ്ണീർ പൂക്കളല്ലേ … നിങ്ങൾക്കെല്ലാം ഒത്തിരി ഓർമ്മകൾ ബാക്കിവെച്ച് ഭൂമിയിൽ നിന്ന് വിട പറഞ്ഞ് ഏകനായി യാത്ര തിരിച്ചപ്പോൾ ഞാൻ ഓർത്തു ഇനി ഞാൻ തനിച്ചാണല്ലോ എന്ന്. എന്നാൽ ഈ അനന്തമായ ലോകത്തിൽ എനിക്ക് മുമ്പെ വന്നിട്ടുള്ള എല്ലാവരും എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് മുമ്പെ ഇവർ ഓരോരുത്തരും യാത്ര തിരിച്ചപ്പോൾ ഞാനും ഒരു പാട് സങ്കടപെട്ടിരുന്നു.
എന്നാൽ ഇന്ന് ഞാനും ഇവിടെയെത്തി. ഞാൻ അവിടുന്ന് യാത്ര തിരിക്കുമ്പോൾ വിങ്ങിപൊട്ടിയിരുന്ന നിങ്ങളും നാളെ ഇവിടെയെത്തും .അത് കൊണ്ട് ആരും തന്നെ എന്നെയോർത്ത് കരയരുത്. ദു:ഖങ്ങളെല്ലാം മറന്ന് നിങ്ങൾ എന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കണം’ഇരുട്ടിന്റെ ലോകത്ത് നിൽക്കുന്ന എനിക്ക് പ്രകാശം തരാൻ ആ പ്രാർത്ഥനകൾക്ക് മാത്രമേ ഇനി സാധിക്കൂ. .കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ .. ഓരോ ദിനങ്ങളും കൊഴിഞ്ഞു വീഴുമ്പോൾ നിങ്ങളുടെയൊക്കെ ഉള്ളിൽ ഞാൻ വെറും ഒരു ഓർമ്മയായി മാറും .നിശാഗന്ധികൾ പൂത്ത നീല നിലാവിൽ നനഞ്ഞ എന്റെ ആ നല്ല നാളുകൾ, പിന്നിട്ട വഴികളിലെവിടെയോ ഞാൻ ബാക്കിവെച്ച് പോന്ന എന്റെ ജീവിതാഭിനയത്തിന്റെ ബാക്കിപത്രം. എല്ലാം ഇനി ഓർമ്മകൾ മാത്രമായിരിക്കുമല്ലേ നിങ്ങൾക്കൊക്കെ.. അതങ്ങിനെയാണ്.- എല്ലാവരും അപരിചിതർ ആണ്. യാത്ര പോലും പറയാതെ മരണം നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോവുമ്പോൾ സന്തോഷങ്ങളെല്ലാം നമ്മുക്ക് അപരിചിതത്വം മാത്രമായിരിക്കും. വിരഹത്തിന്റെ താളങ്ങൾ കാലത്തിന്റെ യമങ്ങളിൽ മാഞ്ഞു പോയിട്ടും തേങ്ങുന്ന മനസ്സുമായി .വി തുമ്പുന്ന ചുണ്ടുകൾ കൊണ്ട് ഞാൻ പാടി തീർത്ത എന്റെ നാടൻ ശീലുകൾ പാതി മറഞ്ഞ സൂര്യനെ പോലെ നിങ്ങളുടെയൊക്കെ ഓർമ്മകളിലുണ്ടാവുമെന്നറിയാം. ഹൃദയത്തിന്റെ മണി ചെപ്പിൽ ആരും കാണാതെ ഞാൻ സൂക്ഷിച്ച് വെച്ചിരുന്ന എന്റെ നൊമ്പരങ്ങളായിരുന്നു ആ വരികൾ. പകൽ രാവിന്റെ വിരിമാറിലേക്ക് തല ചായ്ക്കുമ്പോൾ നക്ഷത്രങ്ങൾ കവിത ചൊല്ലുന്ന രാത്രികളിൽ നിലാവിനെ സ്നേഹിക്കുന്ന നിലാപക്ഷിയായി ഞാൻ മാറുമായിരുന്നു. ഇരുട്ടിന്റ പരവതാനി വിരിച്ച് സൂര്യൻ അങ്ങകലേക്ക് മായുമ്പോൾ മനസ്സ് കൊണ്ട് ഞാൻ പലപ്പോഴും തനിച്ചാവാറുണ്ട്. എല്ലാവരെയും ഞാൻ ചിരിപ്പിക്കുമ്പോഴും തിരശീലക്ക് പിന്നിൽ ഞാൻ കരഞ്ഞ നിമിഷങ്ങളുണ്ടായിരുന്നു. ലോകത്തിന്റെ പ്രകൃതിയും ,പ്രകൃതിയുടെ ഭംഗിയും: അത് എത്രമാത്രം മനോഹരമായിരുന്നെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്.ആ പ്രകൃതിയെ സ്നേഹിക്കാനും ,അവിടെയുള്ള നിങ്ങളുടെയൊക്കെ സ്നേഹം ഏറ്റുവാങ്ങാനും ഇനിയെനിക്ക് പറ്റുകയില്ലല്ലോ.’ ചാലക്കുടി പുഴയുടെ കുഞ്ഞോളങ്ങളിൽ എന്റെ ജീവിതത്തിന്റെ നൊമ്പരങ്ങളുടെ ജല്പനങ്ങളുണ്ടാവാം. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും ഞാൻ ജീവിച്ചു തീർക്കുമ്പോൾ ചാലക്കുടി പുഴ അതിന് മൂകസാക്ഷിയായിരുന്നു. എങ്കിലും ഞാൻ ജീവിച്ച് തിർത്ത എന്റെ വഴികളിൽ ചിലതൊക്കെ ഞാൻ ബാക്കി വെച്ചിട്ടുണ്ട്. അതായിരിക്കാം നിങ്ങളെ നിക്ക് ഇപ്പോഴും തന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ ധ്വനികൾ .ഇത്രയും നാൾ നിങ്ങളെയെല്ലാം ചിരിപ്പിച്ചിട്ട് അവസാനം എല്ലാവരെയും കരയിപ്പിച്ചു കൊണ്ട് എനിക്ക് മടങ്ങേണ്ടി വന്നു. നിങ്ങളുടെയൊക്കെ ഓർമ്മകളുടെ താളുകളിൽ ഒരു മയിൽ പീലി മാത്രമായിരിക്കും ഇനി ഞാൻ. എനിക്കും നിങ്ങൾക്കുമായി ഇനിയൊരു പൂക്കാലം വരില്ല. നമ്മുക്കിടയിൽ അതിരുകൾ ഏറെയുണ്ട്. എങ്കിലും ഞാൻ വരും…… ഒരു കൊച്ചു മിന്നാമിനുങ്ങായി നിങ്ങളുടെ മുന്നിലേക്ക് …നിങ്ങളുടെ ഓർമ്മകളുടെ ജാലകത്തിലൂടെ ഇളം തെന്നലായി ഞാൻ വരും… ഉറ്റി വീഴുന്ന മഴതുള്ളികളുടെ മണിനാദമായി ഞാൻ വരും …. ജീവതത്തോട് പോരാടി ജീവതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടാൻ വേണ്ടി ‘ജീവിതത്തിന്റെ അനന്തമായ പ്രയാണത്തിലൂടെ ,ജീവിതത്തിൽ ഞാൻ കയ്യെത്തി പിടിച്ചതൊക്കെയും ഭൂമിയിൽ ബാക്കിവെച്ച് നിങ്ങളോടൊപ്പമുള്ള യാത്ര പാതി വഴിയിൽ അവസാനിപ്പിച്ച് എനിക്ക് തിരിച്ചു പോരേണ്ടി വന്നു’ എങ്കിലും മരിക്കാത്ത നിങ്ങളുടെയൊക്കെ ഓർമ്മകളിൽ ഞാനുണ്ടാവും …. നിലക്കാത്ത മണിയൊച്ചയുമായി