ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയിന്മേലാണ് നടപടി. അടിയന്തിര പ്രാധാന്യത്തോടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് അറിയിച്ച് 05/03/21 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങളോ നേതാവിന്റെ ചിത്രമോ സര്‍ട്ടിഫിക്കറ്റില്‍ പതിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നുമാണ് നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യുക.
എന്നാല്‍ വാക്‌സിന്‍ വിതരണം ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിനും മുന്‍പേ ആരംഭിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് ചട്ടലംഘനമാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ കത്ത് മുഖേനെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നാണ് വിവരം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് വിലക്കിയിരുന്നു.