കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡാണ്രൂ പീകരിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ കാസര്‍കോട് എസ്ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ മൈല നായ്ക് സ്‌ക്വാഡിന് നേതൃത്വം നല്‍കും. കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് എസ്ജിഎസ്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കെ. രാജേന്ദ്രയും ഉദുമ മണ്ഡലത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേറ്റ് ടാക്‌സ് ഓഫീസിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി.വി. രത്‌നാകരനും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേറ്റ് ടാക്‌സ് ഓഫീസിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ വി. സജിത്ത് കുമാറും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കാസര്‍കോട് റീസര്‍വ്വേ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തമ്പാനും സ്‌ക്വാഡിന് നേതൃത്വം നല്‍കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുതലുള്ള അനധികൃത പണം ഇടപാടുകള്‍, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍ എന്നിവ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. ഇവര്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കും.