മലപ്പുറം: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുവാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിനായി കോവിന്‍ വെബ് പോര്‍ട്ടലില്‍ 41069 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 60 സെഷനുകളിലായി 3245 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നിലവിലെ 12 സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ മറ്റു സ്വകാര്യ ആശുപത്രികളിലും കൂടി ജില്ലയില്‍ 410 കുത്തിവെപ്പ് സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്മാര്‍ അടക്കമുള്ള ജീവനക്കാരെ വാക്‌സിനേഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോവിന്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്തു എന്ന മൊബൈല്‍ സന്ദേശം ലഭിക്കും. ഈ സന്ദേശം അടുത്തുള്ള ഏതൊരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാണിച്ചാലും അവിടെ നിന്നും വാക്‌സിന്‍ സ്വീകരിക്കാമെന്നും ഡി.എം.ഒ അറിയിച്ചു.