തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തെണമെന്ന് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എന്നാല്‍ മെയ് മാസത്തില്‍ മതിയെന്ന് ബിജെപി അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘത്തോടാണ് പാര്‍ട്ടികള്‍ അഭിപ്രായം അറിയിച്ചത്. ഏപ്രില്‍ 6നും 14നും ഇടയില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് യുഡിഎഫ് കക്ഷികള്‍ അറിയിച്ചത് . കോണ്‍ഗ്രസ് അനുഭാവികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ നടപടിവേണം. വോട്ടെടുപ്പ് സുതാര്യമാക്കാന്‍ എല്ലാ ബൂത്തിലും വെബ് ക്യാമറ സ്ഥാപിക്കണം. സ്‌പെഷ്യല്‍ തപാലോട്ടില്‍ കരുതലും നിരീക്ഷണവും ആവശ്യമാണെന്നും കോണ്‍ഗസ് അറിയിച്ചു. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പും ഒപ്പം നടത്തണമെന്ന ആവശ്യം മുസ്ലീം ലീഗ് പ്രതിനിധികള്‍ ഉന്നയിച്ചു.
ഏപ്രില്‍ നാലിനും 12 നുമിടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ഡിഎഫ് കക്ഷികള്‍ ആവശ്യപ്പെട്ടത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തടസം ഒഴിവാക്കുക,പോസറ്റല്‍ ബാലറ്റ് വിതരണത്തിനും തിരിച്ചെത്തിക്കാനും മതിയായ സമയം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും സിപിഎം ഉന്നയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് ഒഴിവാക്കണമന്ന് സിപിഐ ആവശ്യപ്പെട്ടു. മെയ് രണ്ടാം വാരത്തോടെ വോട്ടെടുപ്പ് മതിയെന്നാണ് ബിജെപി അറിയിച്ചത്. പ്രശ്‌നബാധിത പ്രദേശങ്ങൡ മുന്‍കൂട്ടി കേന്ദ്ര സേനയെ വിന്യസിക്കണം. തപാല്‍ വോട്ടില്‍ സുതാര്യ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിന്റെ കോവിഡ് വ്യപനത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ , കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള 15 അംഗ സംഘമാണ് കേരളത്തിലെത്തിയത്.

