ന്യൂഡല്‍ഹി: ഊര്‍ജ്ജ ഉപഭോഗം, റെയില്‍വേ ചരക്ക്, ജിഎസ്ടി ശേഖരണം, ഉല്‍പാദന ശേഷി വിനിയോഗം തുടങ്ങിയ പ്രധാന മേഖലകളില്‍ സാമ്പത്തിക വീണ്ടെടുക്കല്‍ തുടരുകയാണെന്ന് ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ട്. സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച പദ്ധതികളും ആനുകൂല്യങ്ങളുമാണ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് മിഷനു കീഴിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളും നയപരമായ മുന്നേറ്റവും കേന്ദ്ര ബജറ്റ് 2021-22 ല്‍ വിശാലാടിസ്ഥാനത്തിലുള്ള സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച നടപടികളും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ ശക്തിപ്പെടുത്തും.
കൊവിഡിനെ തുടര്‍ന്ന് 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 23.9 ശതമാനം ചുരുങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ നാടകീയമായി -7.5 ശതമാനമായി ഉയര്‍ന്നു. 2019-20 ല്‍ സമ്പദ്വ്യവസ്ഥ 4 ശതമാനം വളര്‍ച്ച നേടിയെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7 ശതമാനം വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ബാങ്ക് ക്രെഡിറ്റ്, വര്‍ദ്ധിച്ചുവരുന്ന വിദേശ നിക്ഷേപങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യുവുകള്‍ എന്നിവ യഥാര്‍ത്ഥ വീണ്ടെടുക്കലിന് നിര്‍ണായകമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഉല്‍പാദന പിഎംഐ (പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്‌സ്) ഡിസംബറിലെ 56.4ല്‍ നിന്ന് ജനുവരിയില്‍ 57.7 ആയി ഉയര്‍ന്നു. പിഎംഐ സേവന സൂചികയും ഡിസംബറില്‍ 52.3 ല്‍ നിന്ന് ജനുവരിയില്‍ 52.8 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഊര്‍ജ്ജ ഉപഭോഗം ഡിസംബറില്‍ 5.2 ശതമാനമായും ജനുവരിയില്‍ 4.8 ശതമാനമായും വര്‍ദ്ധിച്ചു. ഇത് വാണിജ്യ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ സൂചനയാണ്.



