ജയ്പൂർ: ഏഴുവയസ്സുള്ള കുട്ടിയെ മർദ്ദിക്കുകയും സിഗരറ്റ് കഷ്ണം ഉപയോഗിച്ച് മുദ്രകുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി ഇടുകയും ചെയ്തതിന് ദമ്പതികളെ രാജസ്ഥാനിലെ രാജസാമണ്ട് ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതിന് ശേഷമാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കസിൻ സഹോദരനും ഭാര്യയുമാണ് അറസ്റ്റിലായത്.
ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ തെക്കായി രാജ്സമണ്ട് ജില്ലയിലെ താനോട്ട ഗ്രാമത്തിലാണ് പെൺകുട്ടി കസിൻ സഹോദരനോടും ഭാര്യയോടും ഒപ്പം താമസിച്ചിരുന്നത്. വീട്ടുജോലികളെല്ലാം ദമ്പതികൾ പെൺകുട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ടെന്നും കുട്ടിയ്ക്ക് വേണ്ടത്ര ഭക്ഷണം നൽകാറില്ലെന്നും പോലീസ് പറഞ്ഞു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വൈകിയെന്ന റിപ്പോർട്ടുകൾ അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് ഗുപ്ത നിഷേധിച്ചു. ഗ്രാമവാസികളും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കുട്ടിയുമായി ജനുവരി 29 ന് എത്തിയതായും ഐപിസി 323, 344, 34 വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.



