തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തൈക്കാട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫെയര്‍ ഓഫീസില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രഖ്യാപനം വരെ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയുളള എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് തിരക്ക് നിയന്ത്രിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ സമയം ക്രമീകരിച്ചു നല്‍കും. തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ സമയത്തും, സമര്‍പ്പണ സമയത്തും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഒരു വിട്ടുവീഴ്‌ചയും വരുത്തരുതെന്നും സുതാര്യമായ തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരുടെ കൃത്യമായ ഏകോപനവും ആത്മ സമര്‍പ്പണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി നാലുവരെയാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.



