ചണ്ഡിഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു സഹായമായിട്ടാണ് കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും കുടുംബ പെന്‍ഷന്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവില്‍ പറയുന്നത്. പുനര്‍വിവാഹം കഴിയുന്നതുവരെ ഭര്‍ത്താവിന്റെ പെന്‍ഷന് യുവതി അര്‍ഹയാണെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിനു ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബല്‍ജീത്ത് കൗര്‍ നല്‍കിയ കേസിലാണു കോടതി ഉത്തരവ്. 2008 ലാണ് ബല്‍ജീത്ത് കൗറിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് മരിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം കൊലപാതകമാണെന്നു കണ്ടെത്തി. ബല്‍ജീത്തിനെ അറസ്റ്റും ചെയ്തു.
2011മുതല്‍ അവര്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇതോടെ ഇവര്‍ക്ക് ഭര്‍ത്താവിന്റെ കുടുംബപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഇതിനെതിരെയാണു കോടതിയിലെത്തിയത്. ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തിയാലും കുടുംബ പെന്‍ഷന്‍ നിഷേധിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.



