റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി, അക്രമിയെ പിടികൂടി മാധ്യമങ്ങൾക്കു മുന്നിൽ എത്തിച്ച് കർഷകർ

January 23, 2021 - 10:12 am

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. നാല് കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ വേണ്ടി അക്രമി സിംഗു അതിര്‍ത്തിയിലെത്തിയതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടന്നതെന്നും നേതാക്കള്‍ പറഞ്ഞു.

കൊലപ്പെടുത്താനെത്തിയ അക്രമിയെ വെള്ളിയാഴ്ച(22/01/21) അര്‍ദ്ധരാത്രിയില്‍ തന്നെ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും സംഭവം വിശദീകരിക്കുകയും ചെയ്തു.

ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് അക്രമി വെളിപ്പെടുത്തി. ജനുവരി 26 ന് ട്രാക്ടര്‍ റാലിയില്‍ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇയാള്‍ പറഞ്ഞു. അക്രമിയെ കര്‍ഷക നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്രം പറഞ്ഞു.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടനകൾ നേതാക്കള്‍ തയ്യാറായില്ല. അതോടെ ചര്‍ച്ച തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *