റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപിച്ച് ബിജെപി നേതാക്കള്‍ അറസ്റ്റില്‍: ബിഹാറില്‍ ബിജെപി-ജെഡിയു പോര്

January 5, 2021 - 11:12 am

പട്‌ന: മദ്യനയം നിതീഷ് കുമാര്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിഹാറില്‍ എന്‍ഡിഎ സഖ്യകക്ഷികളായ ബിജെപിയും ജെഡിയുവും തുറന്ന പോരിലേക്ക്. ബിഹാര്‍ പോലിസ് മദ്യ നിയമം കൈക്കൂലി വാങ്ങാനുള്ള ഉപകരണമാക്കി മാറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. വിഷയത്തില്‍ ഔറംഗബാദ് എംപി സുശീല്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്നലെ ധരംഗാബാദിലെ റാഫിഗഞ്ച് പോലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി ധര്‍ണ നടത്തി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ പണം സമ്പാദിക്കാന്‍ മദ്യനിയമങ്ങള്‍ നഗ്‌നമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബിജെപി നേതാക്കള്‍ ധര്‍ണയില്‍ പറഞ്ഞത്. വെള്ളിയാഴ്ച മദ്യപിച്ച് മൂന്ന് ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ധര്‍ണ അരങ്ങേറിയത്. അറസ്റ്റിലായ നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.” സ്വന്തം സര്‍ക്കാരിനെതിരെ ധര്‍ണ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്നത് ഞെട്ടിപ്പിക്കുന്നതാണ്, പക്ഷേ പോലീസിന്റെ നിയമ ദുരുപയോഗം കാണാതിരിക്കാന്‍ കഴിയില്ല. മദ്യവിരുദ്ധരെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യം പരസ്യമായി വില്‍പ്പനയ്ക്ക് ലഭ്യമാകുന്ന നിരവധി സ്ഥലങ്ങളുണ്ടെങ്കിലും അവിടെ നിന്നെല്ലാം കമ്മീഷന്‍ വാങ്ങി പോലീസ് നടപടിയെടുക്കില്ലെന്നും എംപി സുശീല്‍ കുമാര്‍ പറഞ്ഞു.

മുന്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മദ്യനിരോധനവാഗ്ദാനമായിരുന്നു നിതീഷ് കുമാറിന്റെ തുറുപ്പുചീട്ട്. വലിയൊരു ശതമാനം സ്ത്രീകളുടെ വോട്ട് ഇതിലൂടെ ഉറപ്പിച്ചതോടെ പോളിങ് ശതമാനവും കുതിച്ചുകയറി. 2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ നിതീഷ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.ആര്‍.ജെ.ഡി.യുടെ എതിര്‍പ്പിനെ മറികടന്നാണ് 2015-ല്‍ മദ്യം നിരോധിക്കാനുള്ള തീരുമാനം നിതീഷ് കൈക്കൊണ്ടത്. നിയമയുദ്ധങ്ങളും നേരിടേണ്ടിവന്നു. 2017ല്‍ നിരോധന നിയമം നിലവില്‍ വന്നു. കര്‍ശനവ്യവസ്ഥകളാണ് നിയമത്തിന്റെ ഉള്ളടക്കം. മദ്യം ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ സംഭരിക്കുകയോ ചെയ്തതായി കണ്ടൊല്‍ അറസ്റ്റുചെയ്യാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനും നിയമം വ്യവസ്ഥചെയ്യുന്നു.നിയമം കര്‍ശനമാക്കിയതോടെ പരിശോധനയും അറസ്റ്റും വ്യാപകമായി. നാലുവര്‍ഷത്തിനിടെ 47,395 കേസുകള്‍ പോലീസും എക്‌സൈസും ചേര്‍ന്നെടുത്തു. 3.06 ലക്ഷംപേരെ ഇതുവരെ അറസ്റ്റുചെയ്തു. വീഴ്ചവരുത്തിയതിന് 70 ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. നിരോധനം മൂലം പ്രതിവര്‍ഷം 5,500 കോടി രൂപ സര്‍ക്കാരിന് എക്‌സൈസ് നികുതി ഇനത്തില്‍ നഷ്ടപ്പെടുന്നുണ്ടെന്നാണു കണക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *