അമൃത്സര്‍: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാന്‍ സൂദിന്റെ വീടിന് മുന്നില്‍ ചാണകം നിക്ഷേപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ട്രാക്ടര്‍ ട്രോളിയില്‍ കയറ്റിക്കൊണ്ടുവന്ന ചാണകം വീടിനു മുന്നില്‍ നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന ആളുകളാണ് വീടിനു മുന്നില്‍ ചാണകം കൊണ്ടുവന്നിട്ടതെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.
പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സംഭവത്തോട് പ്രതികരിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞത്.
അതേസമയം, കര്‍ഷകരെ അധിക്ഷേപിച്ചുകൊണ്ട് തിക്ഷാന്‍ സൂദ് രംഗത്തുവന്നിരുന്നു. കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നും ടൂറിനായാണ് ഇവര്‍ ദല്‍ഹി അതിര്‍ത്തിയില്‍ എത്തിയതെന്നുമായിരുന്നു ആരോപണം.