ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുരുഷന്‍മാരിലാണ് കൂടുതലായി കൊവിഡ് വൈറസ് മരണം വിതയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്.70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് ബാധിച്ച കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍ക്കാണ്. അതേസമയം, 37% സ്ത്രീകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബര്‍ 16 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് കേസുകള്‍, മരണം- എന്നിവയെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് മരണങ്ങളില്‍ 88 ശതമാനം, അതായത് പത്തില്‍ ഒമ്പത് പേരും 45 വയസിന് മുകളില്‍ പ്രായം വരുന്നവരാണ്. ബാക്കി വരുന്ന 60 ശതമാനവും അതിന് താഴെയുള്ളവരാണ്. പക്ഷേ മരണനിരക്കിന്റെ കാര്യം വരുമ്പോള്‍ 12 ശതമാനം മാത്രമാണ് 45 വയസിന് താഴെയുള്ള വിഭാഗത്തില്‍ വന്നിരിക്കുന്നത്. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളുള്ളവരോ തന്നെയാണ് ഇന്ത്യയിലും കൂടുതലായി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 70 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം തുടങ്ങിയ അസുഖങ്ങളുള്ളവരാണ് കൂടുതല്‍ കരുതലെടുക്കേണ്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

