വോളന്റിയര്‍മാരുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊവാക്‌സിന്‍

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍, മെച്ചപ്പെട്ട ഹ്യൂമറല്‍, സെല്‍-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും വാക്‌സിന്‍ കാഴ്ചവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ മെമ്മറി ടീ സെല്ലുകള്‍ അധികമായി ഉത്പാദിക്കപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി.

വൈറസിനെ ഇല്ലാതാക്കിയതിനുശേഷവും വളരെക്കാലം നിലനില്‍ക്കുന്ന ആന്റിജന്‍ സെല്ലുകളാണ് മെമ്മറി ടി സെല്ലുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവാക്‌സിന്‍ ഇപ്പോള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. നിലവില്‍ 22 സൈറ്റുകളിലാണ് പരീക്ഷണം നടക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പരീക്ഷണം നടത്തുന്നതിനായി വോളന്റിയര്‍മാരെ ക്ഷണിച്ചുകഴിഞ്ഞു. കൊവാക്സിന്റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ ശേഷിയും ഉറപ്പുവരുത്തി. മൂന്നാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും എയിംസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം