കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി മാര്‍ജിന്‍ മണിഗ്രാന്റ് എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ല എന്നാതാണ് പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷത്തേക്ക് 250 ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതി സംരംഭകര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. സംരംഭം തുടങ്ങാനായി ചിലവിടുന്ന ആകെ തുകയുടെ 30 മുതല്‍ 40 ശതമാനം വരെ ഗ്രാന്റായി ലഭിക്കും. അതായത് സംരംഭം തുടങ്ങുന്നതിന് 20ശതമാനം തുക മുതല്‍ 30 ശതമാനം തുക മാത്രം സംരംഭകര്‍ തങ്ങളുടെ വിഹിതമായി ചിലവിട്ടാല്‍ മതി എന്നർത്ഥം.
10 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. ഭൂമി ,കെട്ടിടം, മെഷിനറി തുടങ്ങിയ ഫിക്‌സസ്‌ഡ് കാപ്പിറ്റല്‍, പ്രവര്‍ത്തന മൂലധനം എന്നിവയിന്മേല്‍ ലഭ്യമാകും.
ഉല്‍പാദനം,സേവനം, ജോബ് വര്‍ക്ക് തുടങ്ങിയ ഏത് മേഖലയിലും സംരംഭം തുടങ്ങാം. രണ്ട് വിഭാഗമായി തിരിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്. സ്‌ത്രീകള്‍, വിമുക്തഭടന്‍മാര്‍, അംഗപരിമിതര്‍, പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ 40 വയസിന് താഴെ പ്രായമുള്ളവര്‍ എന്നിവരെ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.
ഇവര്‍ക്ക് 40 ശതമാനം ഗ്രാന്റ് ലഭിക്കും, അതായത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി നാല് ലക്ഷം രൂപവരെ ലഭിക്കും. ബാക്കി 40 ശതമാനം 20 ശതമാനം സ്വന്തം വിഹിതമായും ചെലവിടണം. ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ 30 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക. സംരംഭം തുടങ്ങുന്നതിന് ബാക്കി 40 ശതമാനം വായ്‌പയായും 30 ശതമാനം ഉപഭോക്തൃ വിഹിതമായും ചെലവിടണം.



