കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളാണ് കൊച്ചിയിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.
ജോലി ആവശ്യത്തിനായാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദ്ദേശ്യത്തോടെയും അല്ല കൊച്ചിയില്‍ എത്തിയതെന്നും യുവാക്കള്‍ പറയുന്നു.
അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടർന്ന് പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കള്‍ പറയുന്നു.
അഭിഭാഷകൻ്റെ നിർദേശം അനുസരിച്ചാണ് ഇവർ ഒളിവില്‍ പോയത് എന്നാണ് സൂചന . തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തല്‍മണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുന്പില് കീഴടങ്ങാന്‍ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

