ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റത്തെ കുറിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നടന്ന നീക്കത്തിനുള്ള തിരിച്ചടിയെന്നാണ്. നുണപ്രചരണങ്ങളെയെല്ലാം ജനം തളളിക്കളഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും പറഞ്ഞു.
സ്വർണക്കളളക്കടത്തും ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷനും ഉൾപ്പടെ സർക്കാരിലെ ഉന്നതരിലേക്ക് നീണ്ട അന്വേഷണങ്ങളെ അപ്പാടെ തളളിക്കളയുകയാണ് സി പി എം നേതാക്കൾ . വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികളെയും അന്വേഷണങ്ങളെയും രാഷ്ട്രീയമായിക്കൂടി സി പി എം നേരിട്ടേക്കും എന്നതിൻ്റെ വ്യക്തമായ സൂചനയാണ് വിജയദിനത്തിലെ നേതാക്കളുടെ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നത്.
സ്വർണക്കളളക്കടത്തടക്കം സർക്കാരിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടില്ല എന്നതും സി പി എമ്മിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

