ബംഗളൂരു: കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന്റെ പിന്നാലെ, ഡിസംബര്‍ 8 ന്, കര്‍ണാടക ഭൂപരിഷ്‌കരണ (ഭേദഗതി) ബില്‍ പിന്‍വലിക്കുന്നതിന് കര്‍ണാടക നിയമസഭ അംഗീകാരം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കുമാരസ്വാമിയുടെ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു നിയമം പാസായത്. ഇതോടെ തങ്ങള്‍ക്കൊപ്പമുണ്ടാവുന്നു പറഞ്ഞ കുമാരസ്വാമി കര്‍ഷരെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന ആരോപണമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. കര്‍ഷക വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. കുമാരസ്വാമിയ്‌ക്കെതിരേ കര്‍ഷക സംഘടന നേതാക്കള്‍ തന്നെ ഇതിനകം രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഫലത്തില്‍ കര്‍ഷകരുടെ അപ്രീതി നേടി ബിജെപിയുമായി അടുക്കാനുള്ള കുമാരസ്വാമിയുടെ ശ്രമങ്ങള്‍ ഫലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നാണ് രാഷ്ട്രീയ വിദ്ഗ്ധരുടെ വിലയിരുത്തല്‍.
കര്‍ണാടക ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.എസ്. നിയമത്തിലെ അപകടകരമായ ഭാഗങ്ങളില്‍ മാറ്റം വരുത്താമെന്ന് ബി.ജെ.പി സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നുമാണ് ബില്ലിനെ പിന്തുണച്ച് കൊണ്ട് അന്ന് കുമാരസ്വാമി പറഞ്ഞത്.നേരത്തെ ബില്ലിനെതിരെ ജെ.ഡി.എസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനിച്ച മാറ്റത്തിന് കാരണം തങ്ങളാണെന്നും പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയും പിന്തുണയ്ക്ക് സമ്മതം അറിയിച്ചിട്ടുണ്ടെന്നുമാണ് കുമാരസ്വാമിയുടെ വാദം. എന്നാല്‍ ഇതൊന്നും സംസ്ഥാനത്തെ കര്‍ഷക വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ജെഡിഎസിന് കഴിഞ്ഞിട്ടില്ല.
”ജനവിരുദ്ധ നിയമത്തിന് പിന്തുണ നല്‍കിയതിലൂടെ ”ജെഡിഎസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെട്ടുവെന്നാണ് കര്‍ഷക നേതാക്കളിലൊരാള്‍ ഇതിനോട് പ്രതികരിച്ചത്. കര്‍ഷക നേതാവ് എന്നറിയപ്പെടുന്ന കുമാരസ്വാമിയെ ”ഡീല്‍ മാസ്റ്റര്‍” എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’രാവിലെ അവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു, വൈകുന്നേരം അവര്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നു. ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് ഈ എച്ച് ഡി കുമാരസ്വാമി? മണ്ണിന്റെ മക്കളും കര്‍ഷകരുടെ മക്കളും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകള്‍ക്ക് കര്‍ഷകരെ പുറകില്‍ കുത്താന്‍ എങ്ങനെ കഴിയും? എന്നാണ് മുന്‍ മുഖ്യമന്ത്രിയും സ കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഒരുകാലത്ത് തെക്കന്‍ കര്‍ണാടക പ്രദേശങ്ങളിലും ബിജെപിയുടെ ആധിപത്യമുള്ള വടക്കന്‍ കര്‍ണാടകയിലും കൃത്യമായ ആധിപത്യം ഉണ്ടായിരുന്ന ജെഡിഎസ് ഇതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാവുകയാണ്.