വിതുര: ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കലുങ്ക് ജംങ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ തളളച്ചിറ സന്ധ്യാ ഭവനില്‍ സുനി(32) ആണ് അറസ്റ്റിലായത്. വിതുര മൈലക്കോണം സ്വദേശിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ വിതുര സ്റ്റാന്റില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പിലേക്ക് യുവതി ഓട്ടം വിളിച്ചു. എന്നാല്‍ മൊബൈല്‍ ഷോപ്പിന് മുന്നില്‍ നിര്‍ത്താതെ പട്ടന്‍കുളിച്ചപാറ മേഖലയിലേക്ക് യുവതിയുമായി പോകുകയായിരുന്നു ചെയ്തത്. ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ സുനി വീട്ടമ്മയുടെ കയ്യില്‍ കയറി പിടിച്ചു. യുവതി നിലവിളിച്ചുകൊണ്ട് ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു.
സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിന് പിന്നാലെ ഓട്ടോയുമായി മുങ്ങിയ സുനിയെ ഇന്നലെ രാവിലെ വിതുര സ്റ്റാന്റിലെത്തിയപ്പോള്‍ സിഐ എസ് ശ്രീജിത്, എസ്‌ഐ എസ്എസ് സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



