തൃശൂര്‍: ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിര്‍മ്മാണ ക്രമക്കേടില്‍ വിദ്യാഭ‌്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ വെളളപൂശി റിപ്പോര്‍ട്ടുനല്‍കി അധികൃതര്‍. കോണ്‍ക്രീറ്റില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും എന്നാല്‍ പ്ലാസ്റ്ററിംഗില്‍ അപാകതകള്‍ ഉണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. കിഫ്‌ബിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മേനി പറയുന്ന സ്‌കൂള്‍ നവീകരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ തന്നെ സ്‌കൂളിലെ നിര്‍മ്മാണ ക്രമക്കേടാണ് പണം വിഴുങ്ങും പദ്ധതികളെന്ന പരമ്പരയില്‍ ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നിരുന്നത്. പിന്നാലെ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു.
കോണ്‍ക്രീറ്റില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് കിഫിബി പദ്ധതികള്‍ വിലയിരുത്തുന്ന കണ്‍സള്‍ട്ടന്‍സി വാപ്‌കോസി റിപ്പോര്‍ട്ട്. അതേസമയം പ്ലാസ്റ്ററിംഗിലും, ടോയിലറ്റ് ബ്ലോക്കിലും, സ്‌റ്റെയര്‍ റൂമിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് കണ്ടെത്തല്‍. കൂടുതല്‍ പരിശോധന വേണമെന്നും വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
വാര്‍ത്തയ്ക്കു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന്ബിജെപി ആവശ്യപ്പെട്ടു.



