കൊച്ചി: എം ശിവശങ്കറിനെ പേടിയുണ്ടോയെന്ന് കസ്റ്റംസിനോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ കസ്റ്റഡി ആവശ്യം ബുധനാഴ്ച (25/11/20) പരിഗണിക്കവെയായിരുന്നു കസ്റ്റംസിനോട് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ചോദ്യങ്ങളുന്നയിച്ചത്. പതിനൊന്നാം മണിക്കൂറില്‍ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.
കോടതിയുടെ രേഖകളില്‍ ശിവശങ്കറിന്റെ പദവിയെ പറ്റി പരാമര്‍ശിക്കാത്തത് പേടിച്ചിട്ടാണോയെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകളില്‍ മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നതടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നില്ല.
കസ്റ്റംസ് പലതവണ ചോദ്യം ചെയ്തപ്പോഴൊന്നും ലഭിക്കാത്ത തെളിവുകള്‍ അവസാന നിമിഷം എങ്ങനെയാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.
ചൊവ്വാഴ്ച (24/11/20) യായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ എത്തിയായിരുന്നു അറസ്റ്റ്.

