ഭോപ്പാൽ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തിലെ അംഗങ്ങൾ ചൈനയ്ക്കും പാകിസ്ഥാനും വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും മാർക്സിസ്റ്റ് പാർടിയും ഉൾപ്പെടുന്ന ജമ്മു കശ്മീരിലെ രാഷ്ട്രീയ കൂട്ടായ്മയാണ് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷ്യോ. ആർട്ടിക്കിൾ 370 പ്രകാരം ഈ പ്രദേശത്തിന് സ്വയംഭരണം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഗുപ്കർ സഖ്യം രൂപീകരിച്ചത്.
“ഞാൻ ഇതിനെ എന്ത് വിളിക്കണം. ഗുപ്കർ സംഗതൻ അല്ലെങ്കിൽ ഗുപ്തചാർ” (ചാരൻ) സംഗതൻ. ഈ ആളുകൾ ചൈനയ്ക്കും പാകിസ്ഥാനിനുമായി ചാരപ്പണി നടത്തുകയാണ്, ഇത് ഒരു സഖ്യമല്ല. (റോഷ്നി നിയമപ്രകാരം) ഗുപ്കർ സംഘത്തിന്റെ ഈ നേതാക്കൾ ജമ്മു കശ്മീരിൽ 25,000 കോടിയിലധികം രൂപയുടെ ഭൂമി പിടിച്ചെടുത്തു” ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യാ വിഭജനത്തിനും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ചുമത്താനും കാരണം ജവഹർലാൽ നെഹ്‌റുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ മധ്യപ്രദേശിലെ മോശം കൊറോണ വൈറസ് അവസ്ഥയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ചൗഹാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് ആരോപിച്ചു.



