തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിശദീകരണം തേടി. ലൈഫ് മിഷനില്‍ നിയമസഭാ സെക്രട്ടറിക്ക് നല്കിയ വിശദീകരണം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതിനെക്കുറിച്ച ഇ.ഡിയോട് വിശദീകരണം തേടാനും എത്തിക്സ് കമ്മറ്റി തീരുമാനിച്ചു.
കിഫ്ബിക്കെതിരായി സിഎജി നിയമ സഭയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് മന്ത്രി തോമസ് ഐസക്ക് പുറത്തു വിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസയച്ചത്. അതീവ രഹസ്യ സ്വഭാവമുളള റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതുവരെ പുറത്തുവിടാന്‍ പാടില്ലെന്നാണ് ചട്ടം. ഇത് ധനമന്ത്രി തന്നെ പുറത്തുവിട്ടത് സഭയോടുളള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഇതിന് എത്രയും പെട്ടെന്ന് മറുപടി നല്‍കാനാണ് സ്പീക്കറുടെ നിര്‍ദ്ദേശം.
ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തിയ നടപടികള്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഇഡിയോട് എത്തിക്ക്സ് കമ്മറ്റി നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ സമിതിക്ക് മുന്നിലെത്തുന്നതിന് മുമ്പ് ഇഡിയുടെ മറുപടി മാധ്യമങ്ങളില്‍ വന്നുവെന്നും ഇത് ചട്ടലംഘനമാണെന്നും എത്തിക്ക്സ് കമ്മറ്റി വിലയിരുത്തി. നിയമശസഭയുടെ ഒരധികാരവും എന്‍ഫോഴ്സ്മെന്റ് ലംഘിച്ചിട്ടില്ലെന്നും ഏത് പദ്ധതിയുടേയും ഫയലുകള്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്നുമായിരുന്നു ഇഡിുടെ വിശദീകരണം.

