കൊല്‍ക്കത്ത: സംഘര്‍ഷങ്ങള്‍ തുടരുന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്നും മമതയെ തങ്ങള്‍ തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. അതേസമയം, ആക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ബംഗാളിലെ നിലവിലെ അവസ്ഥ രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമോയെന്നത് തള്ളികളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞങ്ങളുടെ പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഞങ്ങള്‍ വീഴ്ത്താറില്ല. നേരത്തെ തന്നെ അമിത് ഷാ ഇത് വ്യക്തമാക്കിയതാണ്. ഈ സര്‍ക്കാരിനെ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ നേരിടും. മമതയുടെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ഗവര്‍ണറാണ് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇവിടെ രാഷ്ട്രപതി ഭരണം വരില്ല എന്ന് പറയാനാവില്ല. കാരണം തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍പറത്തി എതിരാളികളെ ഇല്ലാതാക്കുകയാണ്. തനിക്കെതിരെ മാത്രം 40 കള്ളക്കേസുകള്‍ ഉണ്ടെന്നും ഘോഷ് പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ടിരുന്നു.
ദിലിപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരുന്നു ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ സംഘര്‍ഷാന്തരീക്ഷം ഗവര്‍ണറോട് വിശദീകരിച്ച സംഘം കേന്ദ്രത്തെ വിഷയത്തില്‍ ഇടപെടുവിക്കണമെന്നാണ് അഭ്യര്‍ഥിച്ചിരുന്നത്. സംസ്ഥാനത്തെ കലാപം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും ഇതൊഴിവാക്കാന്‍ രാഷ്ട്രപതി ഭരണം തന്നെ ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
എന്നാല്‍ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് മുഖ്യമന്ത്രി മമതയുടെ ആരോപണം. എന്നാല്‍ കേന്ദ്രസേനയെ അയച്ചിട്ടും തിരിച്ചയക്കുകയായിരുന്നു ബംഗാള്‍ സര്ക്കാരെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്റെ പ്രതികരണം.

