പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ദേശീയ ശിശുദിനമായ ഇന്ന് (14) മുതല്‍ ഈ മാസം 20 വരെ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലും വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ശിശു ദിനാഘോഷം ഇന്ന് (14) രാവിലെ 11ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ 27 ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടി പ്രധാനമന്ത്രിമാരുമായി സംവദിച്ചു.
നവംബര്‍ 16 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുന്നതിനും, കോവിഡ്കാലത്ത് പാലിക്കേണ്ട ആരോഗ്യപരമായ ശീലങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണ പരിപാടി നടക്കും. ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളില്‍ നിന്നും മികച്ച കുട്ടിഷെഫ് 2020 നെ തെരഞ്ഞെടുക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുന്ന മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ മത്സരവും നടക്കും.
നവംബര്‍ 17 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തിനായി ഭക്ഷണ ക്രമീകരണം എങ്ങനെ സാധ്യമാക്കാം എന്നതിനെ സംബന്ധിച്ച് ക്ലാസ്.
നവംബര്‍ 18 ന് ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായുളള യോഗ പരിശീലനം നടക്കും. നവംബര്‍ 19-ന് കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയ രസകരവും തമാശയും നിറഞ്ഞ ഫോട്ടോഗ്രാഫിമത്സരം. നവംബര്‍ 20 ന് ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി ജീവിത നൈപുണ്യ വികസനം പരിശീലന പരിപാടി. നവംബര്‍ 21 ന് ട്രാഫിക് നിയമത്തെക്കുറിച്ചുളള ബോധവത്കരണ പരിപാടിയും നടക്കും. കൂടാതെ ജില്ലയിലെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും.