ന്യൂഡല്‍ഹി: മ്യാന്മാര്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ആംഗ് സാന്‍ സ്യൂകിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യാന്മാറില്‍ നടന്നുവരുന്ന ജനാധിപത്യ പരിവര്‍ത്തനത്തിന്റെ നിര്‍ണായക ചുവടുവെയ്പാണ് വിജയകരമായ തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
പരമ്പരാഗതമായി തന്നെ ഇന്ത്യയും മ്യാന്മാറുമായുളള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിന് തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച തിരഞ്ഞെടുപ്പ് വിജയം നേടിയതിന് സ്യൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
മൂന്ന് ദിവസമായി നടന്ന വോട്ടെണ്ണലിനൊടുവിലാണ് സ്യൂകിയുടെ പാര്‍ട്ടി വിജയം അവകാശപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു മ്യാന്മാറില്‍ വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റിലെ 664 സീറ്റുകളില്‍ 397 സീറ്റുകള്‍ നേടിയെന്നാണ് സ്യൂകിയുടെ പാര്‍ട്ടി അവകാശപ്പെടുന്നത്. പാര്‍ലമെന്റിലെ 25 ശതമാനം സീറ്റുകളിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നത് സൈന്യമാണ്.
ദേശീയ തലത്തിലും സംസ്ഥാന, പ്രാദേശിക തലത്തിലും ഒരുമിച്ചായിരുന്നു മ്യാന്മാറില്‍ വിധിയെഴുത്ത് നടന്നത്. 1117 സീറ്റുകളിലായിരുന്നു ആകെ തിരഞ്ഞെടുപ്പ് നടന്നത്.



