ന്യൂ ഡൽഹി: കേരള ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ അടക്കമുള്ള സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഒൻപത് സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർദ്ധൻ ആശയവിനിമയം നടത്തി. കേരളം ആന്ധ്രപ്രദേശ് അസം പശ്ചിമബംഗാൾ രാജസ്ഥാൻ ഹിമാചൽപ്രദേശ് തെലങ്കാന പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ന് നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.
ഇതിലെ ചില സംസ്ഥാനങ്ങൾ/ ജില്ലകൾ എന്നിവിടങ്ങളിൽ ഉയർന്ന പ്രതിദിന കോവിഡ് രോഗികൾ , പരിശോധനകളുടെ കുറവ്,ഏഴുദിവസത്തെ ശരാശരി കോവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധന, ആശുപത്രി ചികിത്സ ലഭ്യമാക്കിയതിന് 24 /48/ 72 മണിക്കൂറുകൾക്കുള്ളിലെ ഉയർന്ന മരണനിരക്ക്, കേസുകളുടെ ഇരട്ടിക്കൽ , ദുർബല വിഭാഗങ്ങളിലെ ഉയർന്ന മരണനിരക്ക് തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
കോവിഡ് രോഗികളുടെ ചികിത്സ, നിരീക്ഷണം തുടങ്ങിയവയ്ക്കായി സംസ്ഥാന ഭരണകൂടങ്ങൾ സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു. തങ്ങൾ കൈക്കൊള്ളുന്ന മികച്ച മാതൃകകൾ അവർ യോഗത്തിൽ പങ്കുവച്ചു


പരിശോധനകൾ വർദ്ധിപ്പിക്കാനും, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ രോഗിയുമായി സമ്പർക്കത്തിൽ വരുന്ന ശരാശരി 10 മുതൽ 15 വരെ വ്യക്തികളെ തിരിച്ചറിയാനും, ആശുപത്രി തിരിച്ചുള്ള പ്രതിദിന മരണം അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും , കോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
