വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ട് തിരിമറി നടന്നതായ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍. ഇത്തരം ആരോപണങ്ങള്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അവര്‍ വിമര്‍ശിക്കുന്നു. അമേരിക്ക കൂടി അംഗമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്
കോ ഓപ്പറേഷന്‍ ഇന്‍ യൂറോപ്പിന്റെ (ഒഎസ്സിഇ) പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിമര്‍ശം.
കോടതിവരെ എത്തിയ അവസാന ഭാഗമൊഴികെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് സാഹചര്യത്തില്‍ തപാല്‍ വോട്ട് ചെയ്യാനും നേരത്തേ വോട്ട് ചെയ്യാനും സൗകര്യമൊരുക്കിയത് ഗുണകരമായി.
തെളിവില്ലാതെ ട്രംപ് ഉയര്‍ത്തിയ ആരോപണം ജനങ്ങളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പമുണ്ടാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഇവയെല്ലാം നിയമാനുസൃതംതന്നെ നടക്കണം. തെരഞ്ഞെടുപ്പ് രാത്രിയില്‍പ്പോലും പ്രസിഡന്റ് വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കും. തപാല്‍ വോട്ടുകളുടെ വിശ്വാസ്യതയെ ട്രംപ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, വളരെ ചുരുക്കം വോട്ടുകളില്‍മാത്രമാണ് കുഴപ്പം കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് തെരഞ്ഞെടുപ്പിനായി 102 നിരീക്ഷകരെയാണ് ഒഎസ്സിഇ നിയോഗിച്ചത്.
പ്രസിഡന്റിന്റെ പ്രസ്താവനകൾക്കെതിരെ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുൻ സെനറ്റർ കൂടിയായ ഒരു റിപ്പബ്ലിക്കൻ നേതാവ് ‘അപകടകരം’ എന്നാണ് ട്രംപിൻ്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്.

