വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടിയിൽ നിന്നും ലോകത്തിലെ രണ്ടാമത്തെ വലിയ ഹരിതഗൃഹ വാതക ഉത്പാദകരായ അമേരിക്ക ഔദ്യോഗികമായി പുറത്തു പോയി . പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പഴയ പ്രഖ്യാപനമനുസരിച്ചാണ് അമേരിക്ക ബുധനാഴ്ച (04/11/20) പാരീസ് കരാറിൽ നിന്ന് പുറത്തുകടന്നത്.
“യുഎസിൻ്റെ പിൻവാങ്ങൽ പാരീസ് കരാറിന്റെ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്,” യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യുഎൻഎഫ്‌സിസിസി) എക്സിക്യൂട്ടീവ് സെക്രട്ടറി പട്രീഷ്യ എസ്പിനോസ അന്താരാഷ്ട്ര വാർത്താ ഏജൻസിയോടു പറഞ്ഞു.
യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് വാദിച്ചുകൊണ്ട് 2017 ജൂണിലാണ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള പ്രഖ്യാപനം ഡൊണാൾഡ് ട്രംപ് നടത്തിയത്.
2015 ൽ 197 രാജ്യങ്ങൾ ഒപ്പിട്ട് ഉണ്ടാക്കിയ കരാറിൽ നിന്നാണ് അമേരിക്ക ഇപ്പോൾ ഔദ്യോഗികമായി പുറത്തു പോയത്.
അമേരിക്കയുടെ പിന്മാറ്റം ഖേദകരമാണെന്ന് യുഎൻഎഫ്‌സിസി, ബ്രിട്ടൻ, ഫ്രാൻസ്, ചിലി, ഇറ്റലി എന്നിവ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ നിഷേധികളായ ട്രംപും കൂട്ടരും വൈറ്റ് ഹൗസിന്റെയും കോൺഗ്രസിന്റെയും നിയന്ത്രണം നിലനിർത്തുകയാണെങ്കിൽ, കാലാവസ്ഥയെ സുരക്ഷിതമായ ഒരിടത്ത് എത്തിക്കുക എന്ന ലക്ഷ്യം കൂടുതൽ വെല്ലുവിളികളെ നേരിടുമെന്ന് മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനായ ലോറൻസ് ടുബിയാന പറഞ്ഞു.
അതേ സമയം താൻ പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്തയുടൻ പാരീസ് ഉടമ്പടിയിൽ നിന്നു പുറത്തു പോയ തീരുമാനം റദ്ദാക്കുമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.



