തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹെക്ടറിന് 2000 രൂപ ഓരോ വർഷവും എന്ന നിരക്കിലാണ് റോയൽറ്റി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 3909 കർഷകർക്കുള്ള റോയൽറ്റി വിതരണം ചെയ്തു.
നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുന്ന കർഷകർക്കും വയലുകൾ കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കുമാണ് റോയൽറ്റി അനുവദിക്കുന്നത്.
കൂടാതെ നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾക്കും ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റി ലഭിക്കാൻ അർഹതയുണ്ട്.
എന്നാൽ കൃഷി ഭൂമി മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല. പിന്നീട് കൃഷി പുന:രാരംഭിക്കുമ്പോൾ റോയൽറ്റിക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴി റോയൽറ്റിക്കുള്ള അപേക്ഷ സമർപ്പിക്കാം.



